History

            മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തോളം പഴക്കമുണ്ടെന്നാണ് യശ:ശരീരനായ പണ്ഡിതവര്യന്‍ ശൂരനാട് കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഒട്ടും അതിശയോക്തിയല്ലെന്നാണു ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നത്. തിരുവല്ല വിഷ്ണുക്ഷേത്രവുമായി ബന്ധപ്പെട്ട പട്ടയത്തില്‍ മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശം ഉണ്ട്. ഈ പട്ടയത്തിന്‍റെ കാലം പതിനൊന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധമെന്നു കരുതുന്നു. ചെമ്പുതകിടിലാണ് ഈ രേഖ ആലേഖനം ചെയ്തിട്ടുള്ളത്. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാല്‍ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണന്‍ നായര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മലയിന്‍കീഴ് (മലയുടെ കീഴ്) “മലൈയില്‍ക്കീഴ്” ആണ്. തിരുവല്ലാ ക്ഷേത്രത്തിലേക്കു ലഭിക്കേണ്ട ദാനങ്ങള്‍, വസ്തുക്കള്‍, ജന്മികുടിയാന്‍ബന്ധം, വ്യവസ്ഥകള്‍, ഇവയെല്ലാം ചെപ്പേടില്‍ ഉണ്ട്. എന്നാല്‍ ചേപ്പേടുകള്‍ പലതും നഷ്ടപ്പെട്ടതിനാല്‍, അതില്‍ ക്ഷേത്രത്തെപ്പറ്റി വിവരം ഇല്ല. അതേസമയം ഒരു തകിടിന്‍റെ വശത്ത് മലയിന്‍കീഴിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. മലയിന്‍കീഴ് നിന്നു കിട്ടേണ്ട പാട്ട നെല്ലിന്‍റെ കണക്കാണ് പ്രധാനം. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്, തിരുവല്ല വിഷ്ണുക്ഷേത്രത്തിന് ഉണ്ടായിരുന്ന കീഴൂട്ട് ക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. തിരുവല്ല പത്തില്ലത്തില്‍ പോറ്റിമാരുടെ ഊരാണ്മക്കാരില്‍പ്പെട്ടവര്‍ക്കായിരുന്നു മലയിന്‍കീഴ് ഭാഗത്തെ വസ്തുക്കളുടെ സിംഹഭാഗവും. തിരുവല്ല പത്തില്ലക്കാരില്‍ പ്രധാനിയായ പെരിങ്ങര മൂവിടത്തു മേച്ചേരി ഇല്ലം വക ഒരു മഠവും മലയിന്‍കീഴ് ഉണ്ടായിരുന്നു. മലയിന്‍കീഴ് ക്ഷേത്രത്തിന്‍റെ തെക്കുകിഴക്കായി ക്ഷേത്രസങ്കേത അതിരായി വയലരികത്ത് വഴിയുടെ കിഴക്കുഭാഗത്തായിരുന്നു ഈ മഠം.


           കൊല്ലവര്‍ഷം ആരംഭിച്ചത് എ.ഡി. 824 ആണെന്നാണ് ചരിത്രകാരന്മാര്‍ സിദ്ധാന്തിച്ചിട്ടുള്ളത് . അതിനു മുന്‍പു തന്നെ തിരുവല്ല ഗ്രാമത്തിലെ നമ്പൂതിരിമാര്‍ മലയിന്‍കീഴ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്നും രണ്ടു ക്ഷേത്രങ്ങള്‍ തമ്മിലുള്ള ബന്ധമായിരുന്നു അതിനു കാരണമെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. തിരുവല്ല ക്ഷേത്രത്തെ പോലെ അക്കാലത്ത് പ്രസിദ്ധമായിരിക്കാം മലയിന്‍കീഴ് ക്ഷേത്രവും. ഇവിടത്തെ പ്രതിഷ്ഠകള്‍ തമ്മിലും ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ഐതിഹ്യങ്ങളില്‍ ഒന്ന് ഇതാണ്: വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണ ദര്‍ശനം ലഭിച്ചു. ദ്വാരകയില്‍ സാത്യകി പൂജിച്ചിരുന്ന ശ്രീകൃഷ്ണവിഗ്രഹം ജലത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെന്നും അത് എടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും സ്വാമിയാരോട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം സ്വാമിയാര്‍ കുളിക്കാന്‍ നദിയില്‍ മുങ്ങിയപ്പോള്‍ തന്‍റെ ശിരസ്സ് ഏതോ വിഗ്രഹത്തില്‍ തട്ടിയതായി തോന്നി. അദ്ദേഹം അതെടുത്തു പുറത്തു കൊണ്ടു വന്നപ്പോള്‍ മനോഹരമായ വിഗ്രഹ മാണെന്നു മനസ്സിലായി. സ്വാമിയാര്‍ അതിനെ പ്രതിഷ്ഠിക്കാന്‍ തിരുവല്ലയില്‍ ക്ഷേത്രം പണിയിച്ചു. പ്രതിഷ്ഠാദിനം എത്തിയപ്പോള്‍ സ്വാമിയാര്‍ ഒരു സ്വപ്നം കണ്ടു. വിഗ്രഹം മലയിന്‍കീഴ് എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കാനായിരുന്നു സ്വപ്നത്തിലെ നിര്‍ദ്ദേശം. അങ്ങനെയാണ് വിഗ്രഹം മലയിന്‍കീഴ് പ്രതിഷ്ഠിച്ചത്. തിരുവല്ല ക്ഷേത്രത്തിലെ വിഗ്രഹത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങള്‍ ഉണ്ട്. മലയിന്‍കീഴ് ക്ഷേത്ര പ്രതിഷ്ഠയെ ”തിരുവല്ലാഴപ്പന്‍” എന്ന് ഇപ്പോഴും ആളുകള്‍ വിളിക്കുന്നത് രണ്ടു ക്ഷേത്രങ്ങള്‍ക്കും നൂറ്റാണ്ട് മുമ്പുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും മലയിന്‍കീഴും

അനന്തന്‍ കാട് അന്വേഷിച്ച് നടന്ന വില്വമംഗലം സ്വാമിയാറു (തുളുനാട്ടിലെ ദിവാകര മുനിയെപ്പറ്റിയും ഇതേ കഥയുണ്ട്) മായി ബന്ധപ്പെടുത്തിയാണ് ഇന്ന് വിശ്വപ്രസിദ്ധമായി മാറിയ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഐതിഹ്യം നീളുന്നത്. ശ്രീപത്മനാഭസ്വാമി പാലാഴിയില്‍ അനന്തന്‍ എന്ന സര്‍പ്പത്തില്‍ പള്ളികൊള്ളുന്നു ”അനന്തശയനം” ആണ് ഇവിടത്തെ പ്രതിഷ്ഠ. അതില്‍ നിന്നാണു നഗരത്തിന്‍റെ പേരുണ്ടായത്. അനന്ത (അനന്തന്‍റെ പേര്) + പുരം (‘നഗരം’ എന്നതിനോടു ബഹുമാന സൂചകമായി ‘തിരു’ കൂടി ചേര്‍ത്താണ് തിരുവനന്തപുരം ഉണ്ടായതെന്നാണു ചരിത്രകാരന്മാരുടെ അഭിപ്രായം. ഇതിന് എതിരഭിപ്രായവും ഉണ്ട്. തര്‍ക്കം എന്തായാലും തിരുവനന്തപുരം എന്നപേര് ആദ്യ കാല സാഹിത്യകൃതികളിലോ മതിലകം രേഖകളിലോ കാണുന്നില്ല. ശ്രീപത്മനാഭ സ്വാമിക്ഷേത്രം സംബന്ധിച്ച രേഖകള്‍ ആണ് മതിലകം രേഖകള്‍. പനയോലയില്‍ നാരായം കൊണ്ട് എഴുതിയ മതിലകം രേഖകളില്‍ എ.ഡി. 1303 മുതലുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അതിലെല്ലാം ‘തിരുവനന്തപുരം’ എന്നതിനു പകരം ‘തിരുവാനന്തപുരം’ എന്നാണ് കാണുന്നത്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാള്‍വാര്‍ ആണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് ആദ്യമായി പാടിയത്. അദ്ദേഹത്തിന്റെ കവിതയിലും ‘തിരുവനന്തപുരം’ എന്ന വാക്കില്ല. പതിമുന്നാം നൂറ്റാണ്ടിന്‍റെ അവസാനമോ പതിനാലാം നൂറ്റാണ്ടിന്‍റെ ആദ്യമോ എഴുതിയ ”അനന്തപുരവര്‍ണ്ണനം” എന്ന സാഹിത്യകൃതിയിലും നഗരത്തെപ്പറ്റി വിശദമായി വിവരിക്കുന്നുണ്ടെങ്കിലും ‘തിരുവനന്തപുരം’ എന്ന പേരില്ല. എന്നാല്‍ പതിനൊന്നാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തില്‍ മലയിന്‍കീഴിന്റെ പേരുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയുന്ന പൗരാണികവും ചരിത്രപരവുമായ കൃതിയാണ് ‘സ്യാനന്ദൂര പുരാണ സമുച്ചയം’. എ.ഡി 1167-ല്‍ രചിച്ചതായി കരുതുന്ന് ഈ സംസ്‌കൃതകൃതിയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സ്ഥാനം വിവരിക്കുന്നുണ്ട്. മലയപര്‍വ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങള്‍ക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്‍റെ താണെന്ന് പറയുന്നു. ഇതില്‍ മലയ പര്‍വ്വതം മലയിന്‍കീഴ് ആണെന്നാന്ന് വ്യാഖ്യാതാക്കള്‍ പറയുന്നത്. മൂക്കുന്നിമലയ്ക്കു സമീപത്തുള്ള ഈ സ്ഥലം അന്നേ പ്രസിദ്ധമായിരുന്നുവെന്നും അതിനു കാരണം ഇവിടുത്തെ ക്ഷേത്രമാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.


മലയിന്‍കീഴും ഗുരുവായൂരും

പലമഹാക്ഷേത്രങ്ങളിലും വിഷ്ണുഭഗവാനെ ശ്രീകൃഷ്ണനായി സങ്കല്പിച്ചാണ് ആരാധന നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും മലയന്‍കീഴ് ക്ഷേത്രത്തിന്റെയും സ്ഥിതി അതു തന്നെ. മലയിന്‍കീഴിനെയും ഗുരുവായൂരിനെയും ഘടിപ്പിക്കുന്ന ചില വസ്തുതകളുണ്ട്. ഭാരതയുദ്ധത്തിനു ശേഷം പുരാണരേഖകള്‍ പ്രകാരം ലോകത്തിനു കിട്ടിയ രണ്ട് സംഭാവനകളാണ് ഗുരുവായൂര്‍ക്ഷേത്രവിഗ്രഹവും, ഭഗവദ്ഗീതയും. തന്‍റെ കുടുംബം പരമ്പരാഗതമായി പൂജിച്ചിരുന്ന വിഗ്രഹത്തിന് ഉണ്ടാകാന്‍ പോകുന്ന കാര്യം ശ്രീകൃഷ്ണന്‍ മുന്‍കൂട്ടി കണ്ടു. അദ്ദേഹം ദേവഗുരു ബൃഹസ്പതിയോടു കാര്യം പറഞ്ഞു. തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ദ്വാരക കടലെടുക്കുമെന്നും അപ്പോള്‍ താന്‍ പൂജിച്ചിരുന്ന വിഗ്രഹം കടലില്‍ ഒഴുകിപോകാതെ ഭദ്രമായി എടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്നും വരാന്‍ പോകുന്ന കലിയുഗത്തില്‍ അത് ഭക്തന്മാര്‍ക്ക് അനുഗ്രഹമായി മാറുമെന്നും കൃഷ്ണന്‍ പറഞ്ഞു. വായു ഭഗവാന്‍റെ സഹായം കൂടി ഇതിന് അഭ്യര്‍ത്ഥിക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. കൃഷ്ണന്‍ പറഞ്ഞതുപോലെ തന്നെ ഭാരതയുദ്ധത്തിനു ശേഷം ദ്വാരക കടലെടുത്തു. അപ്പോഴാണ് കൃഷ്ണന്‍റെ വിഗ്രഹം കടലിലൂടെ ഒഴുകുന്നത് ബൃഹസ്പതി കണ്ടത്. അദ്ദേഹത്തിന് ഒറ്റയ്ക്ക് അത് എടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചതുപോലെ വായുഭഗവാന്‍റെ സഹായം തേടി. ദേവഗുരുവും വായുഭഗവാനും ചേര്‍ന്ന് ആ വിഗ്രഹമെടുത്ത് പ്രതിഷ്ഠിക്കാന്‍ ഉചിതമായ സ്ഥലം തേടി ആകാശയാത്ര തുടര്‍ന്നു. അപ്പോഴാണ് ഒരു സ്ഥലത്ത് ശിവപാര്‍വ്വതിനൃത്തം നടക്കുന്നത് കണ്ടത്. അവിടെ അവര്‍ ഇറങ്ങി. വിഗ്രഹം പ്രതിഷ്ഠിച്ചു. ദേവഗുരുവും വായുവും കൂടി പ്രതിഷ്ഠിച്ചതിനാല്‍ ആ സ്ഥലത്തിന് ‘ഗുരുവായൂര്‍’ എന്നു പേര് വന്നു. ഇനി ഭാരതയുദ്ധം വഴി ലഭിച്ച ‘ഭഗവദ്ഗീത’ എന്ന വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ മൊഴിമാറ്റം ഉണ്ടായതു മലയിന്‍കീഴ് ക്ഷേത്രാങ്കണത്തില്‍ വച്ചാണ്. ഭാഷാപിതാവായ എഴുത്തച്ഛനു മുമ്പു മലയിന്‍കീഴ് മാധവനാണ് ഭഗവദ്ഗീത മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്.

“ചെല്‌വമെഴും മലയിന്‍കീഴ്-
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹ
മിടര്‍കളവാന്‍”

     ഇന്ദ്രഗിരിപോലെ അക്ഷയമായ ഐശ്വര്യം കളിയാടുന്ന മലയിന്‍കീഴ് ദേശത്തു വാണരുളുന്ന ശ്രീകൃഷ്ണസ്വാമിയുടെ ഹിതപ്രകാരമാണ് ഗ്രന്ഥരചന നടത്തിയതെന്നു മഹാകവി മലയിന്‍കീഴ് മാധവന്‍ നൂറ്റാണ്ടു മുമ്പു പറയുന്നതില്‍ നിന്നുതന്നെ ഈ ക്ഷേത്രത്തിന്‍റെയും പ്രദേശത്തിന്‍റെയും പ്രാധാന്യം ഊഹിക്കാവുന്നതാണ്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പോലെയോ ഗുരുവായൂര്‍ പോലെയോ ഒരു കാലത്ത് പ്രസിദ്ധമായിരുന്നു മലയിന്‍കീഴ് ക്ഷേത്രവും. കലാന്തരത്തില്‍ അതിനുള്ള ഭൂമിയും മഠങ്ങളും നഷ്ടപ്പെട്ടിരിക്കാം. എങ്കിലും മതിലകം രേഖകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഈ ക്ഷേത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1729 ല്‍ തിരുവിതാംകൂറില്‍ ഭരണം ഏല്‍ക്കുകയും രാജ്യം ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുകയും ചെയ്ത അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ കാലത്തു തന്നെ മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിന്നു പത്മനാഭക്ഷേത്രത്തിലേക്ക് വാദ്യക്കാരെ വരുത്തിയതിനു തെളിവുണ്ട്. ഇതു കൂടാതെ ശ്രീമൂലം തിരുനാള്‍ (1885-1924) വരെയുള്ള മഹാരാജാക്കന്മാരും സര്‍.ടി മാധവറാവു ഉള്‍പ്പെടെയുള്ള ദിവാന്മാരും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ, മലയിന്‍കീഴ് ക്ഷേത്രത്തെ കൂടുതല്‍ പ്രശസ്തമാക്കുന്നത് കുട്ടികുഞ്ഞുതങ്കച്ചിയുടെ കവിതകളാണ്.

ഓമനത്തിങ്കള്‍ കിടാവോ – നല്ല
കോമളത്താമരപ്പൂവോ

     എന്ന അനശ്വര താരാട്ടിന്‍റെ കര്‍ത്താവായ ഇരിയമ്മന്‍തമ്പിയുടെ മകളാണ് കുട്ടികുഞ്ഞു തങ്കച്ചി (1820 – 1904) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപം താമസിച്ചിരുന്ന അവര്‍ക്ക് അവിടത്തെ അമ്പാടി കൃഷ്ണനെക്കാള്‍ ഇഷ്ടം മലയിന്‍കീഴ് കൃഷ്ണനെയായിരുന്നു. അതുകൊണ്ടാണ് അവരുടെ മലയിന്‍കീഴ് ക്ഷേത്രദര്‍ശനവും അവിടെത്തെ കൃഷ്ണനെക്കുറിച്ചുള്ള കവിതകളും. ഇന്നും തിരുവനന്തപുരം നഗരത്തിലെ പഴമക്കാരുടെ ആരാധനാമൂര്‍ത്തിയാണ് മലയിന്‍കീഴ് ശ്രീകൃഷ്ണന്‍. നെടുമങ്ങാട്, വിതുര, തുടങ്ങിയ ഉള്‍പ്രദേശങ്ങളിലെ പൂര്‍വ്വികര്‍ പണ്ട് പശു പ്രസവിച്ചാല്‍ ആദ്യത്തെ പാല് നല്‍കിയിരുന്നതും പശുക്കുട്ടികളെ ദാനമായി നല്‍കിയിരുന്നതും മലയിന്‍കീഴ് ക്ഷേത്രത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബസ് സര്‍വ്വീസ്‌പോലും ഇല്ലാത്ത കാലമായിരുന്നു അത്. മുന്‍രാഷ്ട്രപതി വി.വി.ഗിരി ഗവര്‍ണറായിരുന്നപ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്ന കാര്യം നാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. ഇങ്ങനെ നോക്കിയാല്‍ ഒരു കാലത്ത് കീര്‍ത്തിയുടെ ഉത്തുംഗശൃംഗത്തില്‍ ഉയര്‍ന്നു നിന്നതും തെക്കന്‍ കേരളത്തിലെ വൈഷ്ണവ ഭക്തരുടെ തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു മലയിന്‍കീഴ് ക്ഷേത്രം.